പ്രലോഭനങ്ങളേ സ്വാഗതം

 ഫാ. ഗീവർഗീസ്, വള്ളിക്കാട്ടിൽ

വി. മത്തായി 4:1 അനന്തരം പിശാചിനാൽ യേശുവിനെ ആത്മാവ് മരുഭൂ മിയിലേക്ക് നടത്തി

ആത്മീയനായി ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഏറ്റവും അധികം ജീവിതത്തിൽ ഭയപ്പെടുന്നത് തന്നോട് നിരന്തരം പോരാടുന്ന പ്രലോഭനങ്ങ ളെയാണ്

പ്രലോഭനങ്ങളോട് പൊരുതി അതിനെ ജയിക്കുവാനുള്ള ശക്തി ഈ ഭയം കൊണ്ട് തന്നെ മനുഷ്യൻ നഷ്ടപ്പെടുത്തുകയും താൻ എന്തിനോട് പോരുതുന്നുവോ അവസാനം അതിന്റെ അടിമയായി തീരുകയും ചെയ്യു ന്നു. ആകയാൽ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന പ്രലോഭ നങ്ങളോട് ഒരു പുതിയ സമീപനം നാം സ്വീകരിക്കേണ്ടതുണ്ട്.ആയതിന് ചില സത്യങ്ങൾ  നാം തിരിച്ചറിയണം. എന്തുകൊണ്ട് സാത്താൻ എന്നെ ലക്ഷ്യം വയ്ക്കുന്നു.

ഈ ചോദ്യത്തിന്റെ ഉത്തരം നാം കണ്ടെത്തിയാൽ പ്രലോഭനങ്ങളോ ടുള്ള നമ്മുടെ  സമീപനം മാറും. എന്നെ ഒരു ഇരയാക്കിമാറ്റാൻ സാത്താ നെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളെ നാം മനസ്സിലാക്കണം. നമ്മെക്കുറിച്ച് നാം മനസിലാക്കാതെ സാത്താൻ മനസ്സിലാക്കിയിരിക്കുന്ന ഈ സത്യങ്ങൾ എന്ത് എന്ന് നമുക്ക് അന്വേഷിക്കാം.

1.        എന്നെദൈവംലക്ഷ്യംവച്ചിരുന്നു.

നമ്മെ സാത്താൻ ലക്ഷ്യം വയ്ക്കാനുള്ള പ്രധാന കാരണം നമ്മെ ദൈവം ലക്ഷ്യം വച്ചിരിക്കുന്നു. വച്ചിരുന്നു എന്ന അവന്റെ തിരിച്ചറിവാണ്. ദൈവം ഒരു വ്യക്തിയെ ലക്ഷ്യം വച്ച് ആ വ്യക്തിയെ ഉപയോഗിക്കാൻ ആഗ്രഹിച്ചാൽ അത് തന്റെ അടിത്തറ ഇളക്കും എന്ന ബോധ്യം സാത്താന് നന്നായിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ജീവിതത്തിലേക്ക് പ്രലോഭനങ്ങൾ ശക്തമായി അയച്ചുകൊണ്ട് നമ്മെക്കുറിച്ചുള്ള ദൈവീക ലക്ഷ്യങ്ങളെ നാം മനസ്സിലാക്കാതിരിക്കുവാനും അവൻ ആഗ്രഹിക്കുന്നു. ആകയാൽ ജീവിത ത്തിൽ പ്രലോഭനങ്ങൾ കടന്ന് വരുമ്പോൾ നാം തിരിച്ചറിയണം നമ്മെ ദൈവം ലക്ഷ്യം വയ്ക്കുകയും ഉപയോഗിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നതുകൊ ണ്ടാണ് നമ്മെ സാത്താൻ ലക്ഷ്യം വയ്ക്കുന്നത് എന്ന സത്യം.

2.        എന്നിൽദൈവത്തിന്റെചിലസ്വഭാവങ്ങൾഉണ്ട്

പ്രലോഭനങ്ങൾ നമ്മെ അസ്വസ്ഥരാക്കുന്നു എന്നതുതന്നെ നമ്മിൽ ചില ദൈവീക സ്വഭാവങ്ങൾ ഉണ്ട് എന്നതിന്റെ തെളിവാണ്. നാം പൂർണ്ണമായും, തിന്മയുടെ അടിമയാണെങ്കിൽ പ്രലോഭനങ്ങൾ വരുമ്പോൾ നാം അതിനോട് മടി കൂടാതെ പൊരുത്തപ്പെടും. തിന്മയോട്‌ പൊരുത്തപ്പെടാൻ ഒരിക്കലും ദൈവത്വ ത്തിന്റെ സ്വഭാവങ്ങൾക്കു സാധിക്കുകയില്ല. ആകയാൽ പ്രലോഭനങ്ങൾ വരുമ്പോൾ നാം തിരിച്ചറിയണം നമ്മിൽ ദൈവീക സ്വഭാവങ്ങൾ ഉണ്ട് എന്ന യാഥാർത്ഥ്യം. അതിനെ തിന്മ ഭയപ്പെടുന്ന എന്ന സത്യം ഈ സ്വഭാവങ്ങൾ നാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയാൽ നമ്മുടെ ജീവിത സാഹചര്യങ്ങളെ സ്വാധീനിക്കാൻ അവന് കഴിയുകയില്ല എന്ന സത്യം. ഇത് തിരിച്ചറിയാനുള്ള അവസരങ്ങലളാണ് ഓരോ പ്രലോഭനങ്ങളും എന്ന് നാം തിരിച്ചറിയണം.

3.        എന്നെദൈവംസ്നേഹിക്കുന്നു.

പിശാചിന്റെ സ്നേഹിതനെ പിശാചിന് പോലും വേണ്ട എന്നത് ഒരു സത്യമാണ്. അതുകൊണ്ടാകാം ഒരിക്കലും സാത്താൻ തന്റെ സ്നേഹിതനെ സംരക്ഷിക്കാൻ ശ്രമിക്കാറില്ല. തന്റെ അടിമയായതിനെ പൂർണ്ണ നാശത്തിലേക്ക് നയിക്കുക എന്നതാണ് അവൻ ചെയ്യുന്നത്.ദൈവം ഒരു വ്യക്തിയെ സ്നേഹി ച്ചാൽ തന്നെത്തന്നെ അവൻ നൽകുന്നു എന്നും അവന്റെ ജീവിതത്തോട് താൻ ഒന്നായിചേർന്ന് അവനെ തന്നോളം വളർത്തുന്നു എന്നും സാത്താൻ അറിയുന്നു. അത് തന്റെ സാമ്രാജ്യത്തെ തകർക്കുകയും താൻ വിഭാവന ചെയ്യുന്ന പദ്ധതി കളെ താളം തെറ്റിക്കുന്നതും ആയിമാറുന്നു. ഈ സാഹചര്യത്തിൽ ദൈവം സ്നേഹിക്കു ന്നവനെ ലക്ഷ്യം വച്ച് അവനെ ആ സ്നേഹത്തിൽ നിന്നും അക റ്റാൻ ശ്രമിക്കുന്ന വഴി തന്റെ തന്നെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് സാത്താൻ നടത്തുന്നത് എന്ന് പ്രലോഭനങ്ങളെ നേരിടുന്ന ഏതൊരു വ്യക്തിയും തിരിച്ചറിയണം.

4.        സത്താന്യതന്ത്രങ്ങളെതിരിച്ചറിയാൻഎനിക്കുള്ളകഴിവ്

തിന്മയുടെ തന്ത്രങ്ങളെ തിരിച്ചറിയുവാൻ ഒരു വ്യക്തിക്ക് കഴിവുണ്ടെങ്കിൽ സാത്താൻ ആ വ്യക്തിയെ ലക്ഷ്യം വക്കും. സാത്താൻ എന്നും മനുഷ്യനെ കീഴടക്കുന്നത് തന്ത്രത്തിലൂടെയാണ്. കുടുംബജീവിതത്തിന്റെ വിള്ളലുകളുടെയെല്ലാം കാരണം പരിശോധിക്കുമ്പോൾ അവന്റെ തന്ത്രപര മായ ഇടപെടലുകൾ നമുക്ക് കാണുവാൻ സാധിക്കും. ഇവയെ തിരിച്ചറിഞ്ഞാൽ നമുക്ക് എഴുപ്പത്തിൽ അവയെ ഒഴിവാക്കാൻ കഴിയും. ഇതിനുള്ള കഴിവ് ചില വ്യക്തികളിൽ ഉണ്ട്. പെട്ടെന്ന് കോപിക്കുന്ന ഒരു വ്യക്തി തന്റെ ക്ഷിപ്രകോപം തന്റെ ജീവിത സമാധാനത്തെ തകർക്കുവാനുള്ള സാത്താന്റെ തന്ത്രമാണ് എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ കോപത്തെ നിയന്ത്രിക്കാൻ ശ്രമിക്കും. ഈ തിരിച്ചറി വിനെ സാത്താൻ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ തിരിച്ചറിയുന്ന വരെ ലക്‌ഷ്യം വച്ച് അവരെ നശിപ്പിക്കുവാൻ ശ്രമിക്കുന്നു. ആകയാൽ നമ്മെ അവൻ പ്രലോഭിക്കുവാൻ ശ്രമിക്കുന്നത് നമ്മുടെ ഈ തിരിച്ചറിവിനെ ഭയപ്പെട്ടിട്ടാണ് എന്ന് തിരിച്ചറിയുക.

 

 

5.        എന്നിൽനിയോഗിക്കപ്പെട്ടിരിക്കുന്നദൗത്യങ്ങൾ

ദൈവം ഒരു വ്യക്തിയെ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവ് തിന്മയെ അസ്വസ്ഥതപ്പെടുത്തും. ദൈവം തന്റെ വേലയ്ക്കായി തിരഞ്ഞെടുക്കുന്ന വ്യക്തിയെ പ്രത്യേകമായ ഒരുക്കങ്ങളിലൂടെ താൻ കൊണ്ടു പോകുന്നു. അമ്മയുടെ ഉദരത്തിൽ ആ വ്യക്തി രൂപപ്പെടുന്ന നിമിഷം മുതൽ തിന്മയെ അതിജീവിക്കുവാനുള്ള വിശ്വാസത്തിന്റെ ജീവിതാനുഭവങ്ങളിലൂടെ ആയിരിക്കും ദൈവം ആ വ്യക്തിയെ നയിക്കുന്നത്. അങ്ങനെ തിന്മയ്ക്ക് തകർക്കാൻ പറ്റാത്ത കോട്ടയായി ദൈവം ഈ വ്യക്തിയുടെ മനസ്സിനെ രൂപപ്പെടു ത്തിയിരിക്കുന്നു. വേദപുസ്തകത്തിൽ ദൈവം ഉപയോഗിക്കുന്ന വ്യക്തികളെ അമ്മയുടെ ഉദരം മുതൽ ദൈവം രൂപപ്പെടുത്തിയെടുക്കുന്നത് നാം വായിക്കു ന്നുണ്ട്. ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരെ സാത്താൻ ഭയക്കുന്നു. ആയതിനാൽ അവരെ തകർക്കുവാനും ഈ ദൗത്യങ്ങളിൽ നിന്നും പിന്മാറ്റുവാനും വേണ്ടി അവൻ ഇങ്ങനെയുള്ളവരെ ലക്ഷ്യമിടുന്നു. ആകയാൽ നമ്മെ അവൻ കാര്യ മായി പ്രലോഭനങ്ങളിൽ വീഴിക്കാൻ ശ്രമിക്കുന്നു എങ്കിൽ നമ്മെയും ദൈവം ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് നമുക്ക് ഉറപ്പിക്കാം.

ചുരുക്കത്തിൽ പറഞ്ഞാൽ നമ്മെ പ്രലോഭിക്കുന്നതിലൂടെ സാത്താൻ നടത്തുന്നത് തന്റെ തന്നെ നിലനിൽപ്പിനുവേണ്ടിയുള്ള  പോരാട്ടമാണ്. എന്നാൽ പ്രലോഭനങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നത് നമ്മെ ദൈവം സ്നേഹിക്കുന്ന തിന്റെ വ്യക്തമായ അടയാളങ്ങളുമാണ്. ആകയാൽ പ്രലോഭനങ്ങൾ വരു മ്പോൾ നാം സന്തോഷിക്കുകയും മേൽപ്പറഞ്ഞ സത്യങ്ങളെ ഹൃദയത്തിൽ ഉൾ ക്കൊണ്ട് അവയെ അതിജീവിക്കുവാൻ ഉള്ള കരുത്ത് നമുക്ക് ലഭിക്കുകയും ചെയ്യട്ടെ സാത്താന്റെ പ്രലോഭാനങ്ങളിലേയ്ക്ക് പരിശുദ്ധാത്മാവ് യേശുവിനെ നയിച്ചത് ഈ സത്യങ്ങളെ മനസ്സിലാക്കി കൊടുക്കുവാനും അവ തിരിച്ചറിഞ്ഞ് യേശുവിന് തന്റെ മുന്നോട്ടുള്ള പരസ്യ ശുശ്രൂഷയെ ക്രമീകരിക്കുവാനുള്ള ഊർജ്ജം ലഭിക്കുന്നതിനും വേണ്ടിയാണ്. നമ്മുടെ ജീവിതത്തിൽ പ്രലോഭനങ്ങൾ കടന്നുവരുമ്പോൾ നാമും ഈ സത്യം തിരിച്ചറിഞ്ഞ് അവയെ അതിജീവിക്കു വാനുള്ള ശക്തി നേടട്ടെ എന്ന് പ്രാർത്ഥിക്കാം…….

നീട്ടി വയ്ക്കൽ മനോഭാവം

                                         ദിവ്യ ഉമ്മൻ, ബാംഗ്ലൂർ
”നാളെ നാളെ നീളെ നീളെ ” എന്ന് പലരെക്കുറിച്ചും നമ്മൾ അഭിപ്രാ യപ്പെറുണ്ട്. എന്തു കാര്യത്തെയും വൈകിക്കൽ മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.എല്ലാ പ്രയക്കാരെയും അലട്ടാറുള്ള ഒരു വ്യെക്തി ത്വ പ്രശ്നമാണിതെങ്കിലും 20% യുവാക്കളിൽ ഇതൊരു ദീർഘ കാലിക പ്രശ്നമായി നിലനിൽക്കുന്നു എന്നത് ശ്രദ്ധേമാണ്.
ബിനീഷിന്റെ പ്രശ്നവും ഇതുതന്നെ ഐ .ടി കമ്പനിയിൽ നടത്തിയ ഒരു ചർച്ചക്കിടെ ചോദ്യോത്തര വേളയിൽ ആണ് അദ്ധേഹം ഇതേക്കു റിച്ച് ചോദിച്ചത്. ചർച്ചയിൽ പങ്കെടുത്ത നല്ല ശതമാനം തൊഴിലാളികളും ഈ പ്രശ്നം നേരിടേണ്ടതെങ്ങനെ എന്ന ചോദ്യമുയർത്തിയപ്പോൾ ആണ് പ്രശ്നത്തിന്റെ ഗൗരവവും, പരിഹാസങ്ങളെ കുറിച്ചുള്ള അവബോ ധവും ആവശ്യമാണ് എന്ന് മനസ്സിലായത്.
ടൈം ടേബിൾ ക്രമീകരണവും, മൊബൈൽ അലർട്ട് സംവിധാനവും ഒക്കെ ഉണ്ടെങ്കിലും, ഈ അവസ്ഥയിൽ നിന്നും കരകയരുവാൻ സാധിക്കു ന്നില്ല. എന്നും വീട്ടിലും, സുഹൃത്തുക്കൾക്കിടയിലും, ഓഫീസിലും ”നല്ല പയ്യൻ” ഇമേജ് നഷ്ടപ്പെടുന്നു എന്നും അവർ സൂചിപ്പിച്ചു.
വ്യക്തിത്വ പ്രശ്നമെങ്കിൽ കൂടി നല്ല ശതമാനം ആളുകളെ ഈ വിഷയം അലട്ടുന്നു എന്നത് ചർച്ചയുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു.
→ ”എന്തുകൊണ്ട് നീട്ടിവയ്ക്കുന്നു.”
വ്യക്തിയുടെ നിയന്ത്രണത്തിൽ തന്നെയുള്ള ചില കാര്യങ്ങൾ, പ്രവൃ ത്തികൾ ഒഴിവാക്കുകയോ, വൈകിക്കുകയോ ചെയ്യുന്ന പ്രവണതയാ ണിത്. ഒരു തരം സ്വയം നശീകരണ, സ്വയം പ്രതിബന്ധ അവസ്ഥ. 95% നീട്ടിവയ്ക്കൽ ശീല ക്കാരും ഈ പ്രവണതയെ വെറുക്കുന്നു എന്നതാണ് പഠനറിപ്പോർട്ട്. ‘മടിയൻ, കുഴിമടിയൻ, അലസൻ’ എന്നിങ്ങനെ പല പേരുകളിൽ നാമി വരെ അഭിസംബോധന ചെയ്യാറുണ്ടെങ്കിലും, അതുമാ ത്രമല്ല ഇതിന്റെ കാരണം എന്നറിഞ്ഞിരിക്കേണ്ടതുണ്ട്.
പല കാരണങ്ങൾ നീട്ടിവയ്ക്കലിന് നിരത്താം
1. ചില നിബന്ധനകളിലൂടെയും, വ്യവസ്ഥിതിയിലൂടെയും, ആർജി ചെടുത്ത ഒരു സ്വഭാവരീതി, കഠിന സമ്മർദ്ദത്തിലും ചുരുങ്ങിയ സമയത്തിലും മാത്രം കാര്യങ്ങൾ ചെയ്യുന്ന രീതി.
2. ചുരുങ്ങിയ സമയത്ത് കഠിന സമ്മർദ്ദത്തിൽ കാര്യങ്ങൾ ചെയ്യുമ്പോൾ ഏറ്റവും നന്നായി ചെയ്യാനാവുമെന്ന മിഥ്യാ ധാരണ.
3. കടമകളിലുള്ള സംഘർഷം :- ഏത് എപ്പോൾ ചെയ്യണം എന്ന സംഘർഷത്താൽ തീരുമാനമില്ലാതെ നീട്ടി വയ്ക്കുന്നത്.
4. ജീവശാസ്ത്ര പരമായ കാരണങ്ങളിൽ പ്രധാനപ്പെട്ടത് മസ്തി ഷ്കത്തിന്റെ മുൻഭാഗം (Frontal Lobe) വരുത്തുന്ന ചില ക്രമരഹിതമായ പ്രവർത്തികളാണ്.
കൂടുതൽ ഉറക്കവും, ടി വി ഷോ നീട്ടിക്കൊണ്ടു പോയി മറ്റു കാര്യ ങ്ങൾ ചെയ്യാൻ സമയം ഇല്ലാത്തതും ഒക്കെ ഈ സ്വഭാവത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് .
→ ”വൈകിക്കൽ പലതരക്കാർ”
വിവിധതരം വൈകിക്കൽ സ്വഭാവക്കാരെ പരിചയപ്പെടാം.
1. ഉദാസീനർ
മടി, ക്ഷീണം എന്നുവേണ്ട നൂറുകൂട്ടം ഒഴികഴിവ് നിരത്തൽ തൽപ്പരരാണിവർ ‘ഞാൻ എത്ര ചെയ്താലും എനിക്കിത്രയേ ലഭിക്കൂ; പിന്നെന്തിനു കൂടുതൽ ചെയ്യുന്നു’ ഇതാണിവരുടെ ഒരു പ്രധാന ചോദ്യം. ഇക്കാരണത്താൽ ഇവർ ഉത്തരവാദിത്തത്തിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കും.
2. പരാജയം ഭയന്ന് നീട്ടിവയ്ക്കുന്നവർ
സ്വയം വിമർശകരും, കുറഞ്ഞ ആത്മബോധം ഉള്ളവരുമാണിവർ. ”എനിക്ക് നന്നായി ചെയ്യാൻ കഴിയില്ല. എന്നാലാവുന്നതിലുമപ്പുറം മറ്റു ള്ളവർ എന്നിൽനിന്നും പ്രതീക്ഷിക്കുന്നു. എന്നെല്ലാം ഇവർ കരുതും. ഭയവും ഉൽകണ്ഠയും ആണ് ഇവരെ കാര്യങ്ങൾ വൈകിക്കാൻ നിർബ ന്ധിതരാക്കുന്നത്.
3. സമ്പൂർണ്ണതാവാദികൾ
‘ഞാൻ ചെയ്യുന്നതെല്ലാം ഏറ്റവും നല്ലതായിരിക്കണം; എല്ലാവർ ക്കും ഇഷ്ടപ്പെടണം, തെറ്റുവരുത്താൻ പാടില്ല’ ഇതൊക്കെയാണ് ഇത്തര ക്കാർ ചിന്തിക്കുന്നത്. അയഥാർത്ഥ്യമായ പ്രതീക്ഷകളും, നിലവാരവും വച്ചു പുലർത്തുന്നതുകൊണ്ട് ചെറിയ പാളിച്ചകൾ പോലും ഇവരെ നിരാശരാക്കുകയും, വീണ്ടും ഇത്തരം ശ്രമങ്ങൾ താൽപര്യം കാണിക്കാ തിരിക്കുകയും ചെയ്യുന്നു.
4. ദേഷ്യക്കാർ
വീട്ടുകാരെ, ടീച്ചറെ ഒരു പാഠം പഠിപ്പിക്കാൻ അവർ പറയുന്ന കാര്യം ചെയ്യാതിരിക്കുക എന്നതാണ് ഈ വാശിക്കാരുടെ രീതി. ചെയ്തി ട്ട് ഗുണമുണ്ടന്ന് തോന്നുന്നില്ല. അതിനാൽ ചെയ്യുന്നില്ല എന്നൊക്കെ ഇവർ പറഞ്ഞുകളയും.
5. അസ്വസ്ഥർ ഇതര വിചാരക്കാർ
മറ്റെന്തകിലും കാര്യങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും ശ്രദ്ധ മാറ്റാൻ ഇവരുടെ മുൻപിലെത്തും. ടിവി, ഭക്ഷണം, കമ്പ്യൂട്ടർ, ഫേസ്ബു ക്ക്, ഇ-മെയിൽ, ചുറ്റാൻ പോക്ക് ഇങ്ങനെ പലതും.
6. നിർണ്ണായക ഘട്ടം സൃഷ്ടിക്കുന്നവർ
സമ്മർദ്ദമോ, സമയ പരിധിയോ ഉണ്ടെങ്കിൽ മാത്രമേ ചെയ്യുന്ന കാര്യം നന്നായി ചെയ്യുവാൻ സാധിക്കൂ എന്ന് വിചാരിച്ച് നീട്ടിവയ്ക്കു ന്നവർ.
→ ”നീട്ടിവയ്ക്കൽ മാറ്റുവാൻ ചില നല്ല ശീലങ്ങൾ”
1. യാഥാർത്ഥ്യ ബോധത്തോടെ ലക്ഷ്യങ്ങൾ നിരത്തുക.
2. നമ്മൾ സാധാരണയായി നിരത്തുന്ന ഒഴികഴിവുകൾ കണ്ടു പിടിച്ച് അവയെ സ്വയം ചോദ്യം ചെയ്യുക.
3. തോൽക്കാനുള്ള ഭയത്തെ തരണം ചെയ്യുവാൻ വേണ്ടുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക.
4. പരസഹായം തേടുന്നതിൽ നാണക്കേട് വിചാരിക്കാതിരി ക്കുക.
5. തെറ്റുകൾ സ്വാഭാവികമാണെന്നും, ജോലി ചെയ്തു തീർത്തു എന്നതാണ് വലിയനേട്ടമെന്നും മനസിലാക്കുക.
6. ദേഷ്യമാണ് നീട്ടിവയ്ക്കലിലേക്ക് നയിക്കുന്നതെങ്കിൽ അത് വിശദമായി വിശകലനം ചെയ്യുക,
7. വലിയ ജോലികൾ ചെറുതായി ഭാവിച്ച് സമയപരിധി നിശ്ച യിച്ച് തുടക്കം കുറിക്കുക.
8. സ്വപ്നങ്ങളിൽ നിന്നും വ്യക്തമായ ലക്ഷ്യത്തിലേക്ക് ഉള്ള പദ്ധതി ആസൂത്രണം ചെയ്യുക.
9. To – Do ലിസ്റ്റ്; Time – Table; Alaram ഇവ ഉപയോഗിച്ച് കാര്യങ്ങൾ ചിട്ടപ്പെടുത്തുക.
10. കാര്യങ്ങൾ ചെയ്ത് തീർക്കുമ്പോൾ ഉള്ള അവസ്ഥയെ കുറിച്ച് നല്ല ചിന്തകൾ മനസ്സിൽ കുറിച്ചിടുക.
11. സ്വയം പരിമിതികളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. ”ഇല്ല / വേണ്ട” പറയേണ്ടിടത്ത് പറയുവാൻ പഠിക്കുക.
12. ചെയ്യാനുള്ളത് ഭാവനയിൽ കാണുക; ചെയ്യുക.
13. ശ്രദ്ധ തിരിക്കൽ സംഗതികളെ തിരിച്ചറിയുക.
14. സ്വയം പാരിതോഷികങ്ങൾ കണ്ടുപിടിച്ച് അനുമോദിക്കുക. മാറ്റിവയ്ക്കൽ മാറ്റിയെടുക്കാൻ” ഈ ചർച്ച സഹായകമാ കട്ടെ…..

 

ടെലിവിഷൻ സാമൂഹ്യ ജീവിതത്തിനു ഭീഷണി

ഡോ. തോമസ് അത്താനാസിയോസ് മെത്രാപ്പോലിത്ത
”ആലിഫ് ലൈല തുടങ്ങാറായി. ഈ അച്ഛൻ ഇപ്പോഴെങ്ങും നിർത്തുന്ന മട്ടില്ല. മമ്മി നമുക്കു വീട്ടിൽ പോകാം” അഞ്ചു വയസുള്ള ബാലിക അക്ഷമയായി. പശ്ചാത്തലം വലിയ നോമ്പുകാലത്തെ സുവിശേഷ പന്തൽ. മുതിർന്നവർക്കു പോലും മടുക്കുന്ന പ്രസംഗം ഒരു പിഞ്ചുബാലികയ്ക്കു ആസ്വാദ്യമാകണ മെന്നു ശഠിക്കേണ്ട കാര്യമില്ല. ആ കാര്യം പറയാനല്ല ഞാൻ ഈ സംഭവം പരാമർശിച്ചത്. ടെലിവിഷനിലെ നിർദിഷ്ട പരിപാടികളോടുള്ള കുഞ്ഞു ങ്ങളുടെ അനിയന്ത്രിതമായ അഭിനിവേശം ചൂണ്ടിക്കാണിക്കാനാണ്. ഇതൊരു കുഞ്ഞിന്റെ കഥയല്ല അനേകം ലക്ഷം ടെലിവിഷൻ പ്രേക്ഷകരുടെ കാര്യ മാണ്.
ടെലിവിഷൻ ആധുനിക ശാസ്ത്രത്തിന്റെ ഒരു വലിയ കണ്ടുപിടുത്തമാണ്. വാർത്താ വിനിയമരംഗത്തു ഇതു സൃഷ്ടിച്ച വ്യതിയാനം പ്രചണ്ഡമാണ്. വളരെ ദൂരെ നടക്കുന്ന സംഭവങ്ങൾ നാം ജീവിക്കുന്ന കൊച്ചു ഗ്രാമത്തിൽപ്പോലും അതേ പടി ദൃശ്യമാകുന്നു. ബോസ്നിയയിലെ യുദ്ധവും, എത്യോപ്യയിലെ വരൾച്ചയും, ലോകത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഗതി നിയന്ത്രിക്കുന്ന സമ്പന്ന രാജ്യങ്ങ ളിലെ കാഴ്ചകളും, ലോകനേതാക്കളുമെല്ലാം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ മിന്നിമറയുന്നു. യുദ്ധങ്ങൾ, അപകടങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ, രാഷ്ട്രീയ സംഭവങ്ങൾ എല്ലാം നേരിട്ട് കാണുവാൻ സാധിക്കുന്നു. ലോകം എത്ര ചെറുതായിരിക്കുന്നു. ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കാതെ സിനിമയും, വിനോദ പരിപാടികളും വീട്ടിലിരുന്ന് കാണാം. ലോകത്തെവിടെയും നട ക്കുന്ന രാഷ്ട്രീയ സംഭവങ്ങൾ, ജീവിതരീതികൾ, സാംസ്കാരിക പരിപാടികൾ എല്ലാം കണ്മുമ്പിൽ നടക്കുന്നതായി അനുഭവപ്പെടുന്നു. ഇതെല്ലാം കൊണ്ട് ടെലിവിഷൻ വിരസമായ മനുഷ്യജീവിതം സന്തോഷകരമാ ക്കുന്നുവെന്നാണ് പലരും കരുതുന്നത്.
ടെലിവിഷൻ ശക്തമായ ഒരു സംവേദനമാധ്യമമാണ്. നാം കാണുകയും, കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ മനസ്സിൽ തങ്ങി നിക്കുകയാണ്. വേഗത്തിലും ആഴത്തിലുമാണ് കാര്യങ്ങൾ ഹൃദയത്തിൽ പതിയുന്നത്. രണ്ടാമതായി, ഇത് ഒന്നാംതരം ഒരു വിനോദ ഉപകണമാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വിരസത അനുഭവിക്കുമ്പോൾ സിനിമയോ, സംഗീതമോ, കലാപരിപാടിയോ ഇഷ്ടം പോലെ കണ്ടുകൊണ്ടിരിക്കാം- പ്രത്യേക ശ്രമമൊന്നും കൂടാതെ തന്നെ. അതുപോലെ വാർത്താമാധ്യമങ്ങളുടെയും, യാത്രാസൗകര്യങ്ങലുടെയും, വളർച്ചയോടെ ചെ റിയ ലോകമായിത്തീർന്ന ഈ ഭൂമണ്ഡലത്തിലെ ശാസ്ത്രീയ നേട്ടങ്ങളെ സംബന്ധിച്ച അറിവിൽ നിന്ന് ഒറ്റപ്പെടാതിരിക്കണമെങ്കിൽ ടെലിവിഷൻ പരിപാടികൾ വലിയ പരിധിവരെ അനിവാര്യമാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ടെലിവിഷനെതിരെ ശബ്ദിക്കുന്നത് അറിയുവാനും, പഠിക്കുവാനും, ആഹ്ലാദിക്കു വാനുമുള്ള സാധ്യത നിഷേധിക്കുന്നതായി മാത്രമേ ജനം കരുതുകയുള്ളു. ഇതിനുപരിയായി ആധുനിക യുഗത്തിന്റെ വലിയ കണ്ടുപിടിത്തത്തിന്റെയും, അതുവഴി ശാസ്ത്രത്തിന്റെ തന്നെയും നിഷേധമായി ഗണിക്കപ്പെടുന്നു. ഈ വാദത്തിൽ അല്പം കഴമ്പുണ്ട്. എന്നാൽ ടെലിവിഷൻ ഉപയോഗം ഇന്നത്തെ സാഹചര്യത്തിൽ മുന്നോട്ടുപോയാൽ സാമൂഹ്യജീവിതം നശിപ്പിക്കുമോ എന്ന ഭയം അസ്ഥാനത്തല്ലെന്നാണ് എന്റെ പക്ഷം.
മനുഷ്യനെ ദൈവം സമൂഹമായിട്ടാണ് സൃഷ്ടിച്ചത്. പങ്കാളിത്തജീവിത ത്തിലും, പരസ്പരമുള്ള ആശയവിനിമയത്തിലും, കൂട്ടായ ചർച്ചയിലും, സ്നേഹ ബന്ധത്തിലും ആണ് ജനം സമൂഹമായി മാറുന്നത്. ക്രിസ്തീയ സങ്കൽപപ്രകാരം ദൈവം തന്നെ മൂന്ന് ആളത്തങ്ങളുടെ ഒരു സമൂഹമാണ്. അതുകൊണ്ട് സംവേദ നത്തിലും, കൂട്ടായ്മയിലും മനുഷ്യൻ ജീവിക്കേണ്ടിയിരിക്കുന്നു. അങ്ങനെ യാണ് മനുഷ്യവർഗ്ഗം ദൈവിക സാദൃശ്യത്തിലും, പ്രതിച്ഛായയിലും ആയിത്തീ രുന്നത്. അതാണ് മനുഷ്യന്റെ വിധിയെ സംബന്ധിച്ച ദൈവിക ഇച്ഛ. ഈ സാമൂ ഹ്യജീവിതം തകരുന്നതാണ് പാപം. ആദ്യ മനുഷ്യൻ ദൈവത്തിൽ നിന്നന്യപ്പെടുന്നു. പിന്നീട് സഹോദരഹത്യ നടത്തുന്നു. ഭൂമി ചൂഷനത്തിനു വിധേയമാകുന്നു. ദൈവ ത്തിൽ നിന്നും മറ്റുള്ളവരിൽ നിന്നും പ്രകൃതിയിൽ നിന്നും അന്യപ്പെടുന്നതാണ് പാപമായി യഹൂദമതവും ക്രിസ്തീയ സഭയും മനസ്സിലാക്കിയത്. അതുകൊണ്ട് സാമൂഹ്യജീവിതത്തിന് ഏൽക്കുന്ന ക്ഷതം മനുഷ്യവർഗ്ഗത്തിന്റെ ശിഥിലീകരണ വും, പാപാവസ്ഥയും നിലനിർത്തുന്നു.
കുടുംബമാണ് സമൂഹജീവിതത്ത്തിന്റെ ഏറ്റവും മൂർത്തമായ സാക്ഷാത്ക രണം. അതുകൊണ്ടുതന്നെ സമൂഹജീവിതത്തിന്റെ ഏറ്റവും ഗാഢവും ദിവ്യവു മായത് കുടുംബബന്ധമാണ്. ഇവിടെയാണ് സമൂഹജീവിതത്തിന്റെ ഹൃദ്യത ഏറ്റ വും ശക്തമായി നാം അനുഭവിക്കുന്നത്. ഇതു നടക്കണമെങ്കിൽ കുടുംബാഗങ്ങൾ പരസ്പരമുള്ള സംവേദനം നിരന്തരമായി നടക്കണം. ഇതിനു വിഘാതമാകുന്ന ഏതും മനുഷ്യജീവിതത്തിന്റെ തകർചയ്ക്കാണ് വഴി തെളിക്കുന്നത്. ഇതു വേദശാ സ്ത്രപരമായ കാഴ്ച്ചപ്പാടാണ്. വീട്ടുകാർ തമ്മിൽ സംസാരിച്ചില്ലെങ്കിൽ സംവേദന വിടവും അകൽച്ചയും സംഭവിക്കുന്നു. ഇതു കുടുംബഭദ്രത തകർക്കുകയും ചെയ്യുന്നു.
ടെലിവിഷൻ ഈ കാര്യത്തിൽ നിർണായകമായ പങ്കാണ് വഹിക്കുന്നത്. സംപ്രേഷണത്തിന്റെ പ്രധാന സമയം വൈകിട്ട് ആറു മുതൽ 11 വരെയാണ്. ഈ സമയത്താണ് ജോലിസ്ഥലത്ത് നിന്നും, പഠനസ്ഥലത്ത് നിന്നും, കുടുംബജോലികളിൽ നിന്നും മടങ്ങി അംഗങ്ങൾ വീട്ടിൽ ഒരുമിച്ചു ചേരുന്നത്. പരസ്പരം ആശയങ്ങളും, അനുഭവങ്ങളും കൈമാറുന്നതും. ഇതാണ് കുടുംബത്തെ ഏകോപിപ്പിക്കുന്നതും അവിടത്തെ സാമൂഹികത ഹൃദ്യമായി നിലനിർത്തുന്നതും.
ഇപ്പോൾ ഈ ഒത്തുചേരൽ ടെലിവിഷന് മുമ്പിൽ ശ്വാസമടക്കിപ്പിടിച്ചിരു ന്നാണ്. ഇതിനിടെ കുഞ്ഞുകുട്ടികളെ ലാളിക്കാൻ പോലും മറക്കുന്നു. ഇവിടെ സംസാരം പോലും നിൽക്കുന്നു. ജോലിസ്ഥലത്തെയും, കുടുംബത്തിലെയും വിശേ ഷങ്ങൾ പങ്കുവയ്ക്കപ്പെടുന്നില്ല. കുടുംബാംഗങ്ങൾ ലഭിച്ച അംഗീകാരവും അഭിന …..നവും, അപമാനവും, തോൽവിയും സംബന്ധിച്ചു ഹൃദയം തുറക്കുമ്പോൾ എത്ര മനശാന്തിയും ആന്തരിക ലഘുത്വവും, സന്തോഷവുമാണ് ലഭിക്കുക. ഇതിനു പകരം വീർപ്പുമുട്ടിയ ഹൃദയവും പിരിമുരുകിയ ഞരമ്പുമായി ടെലിവിഷന്റെ മുമ്പിൽ ബലം പിടിച്ചിരിക്കുന്ന മനുഷ്യകോമരങ്ങൾക്കിടയിൽ എന്ത് സാമൂഹ്യജീ വിതമാണ്? ഇതു കുടുംബജീവിതം ഏകാന്തവും, അപൂർണവും, വിരസവും ആക്കും. ജീവിത പ്രാരാബ്ധങ്ങൾ ചർച്ച ചെയ്യാൻ സമയം കിട്ടാതെ അന്യതാബോധ ത്തിനും തിരസ്കൃതാനുഭവത്തിനുമായി മനുഷ്യൻ വിധിക്കപ്പെടുന്നു.
കുടുംബബന്ധം പോലെ മനുഷ്യനാവശ്യമാണ് മറ്റുള്ളവരുമായുള്ള അടുപ്പം. ഈ അടുപ്പത്തിലും സ്നേഹത്തിലുമാണ് സാമൂഹ്യബന്ധങ്ങൾ നിലവിൽ വരേ ണ്ടത്. ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുമ്പോൾ കയറിവരുന്ന ആരും അനഭിലഷണീ യനാണ്. കുടുംബാംഗങ്ങളുടെ മുഖം വക്രിക്കും, ദേഷ്യം മൂടിവയ്ക്കുന്ന മുഖത്തോ ടെയാണ് ആഗതരെ സ്വാഗതം ചെയ്യുക. വരുന്നവർക്ക് എങ്ങനെയെങ്കിലും രക്ഷപ്പെ ട്ടാൽ മതിയെന്നാകും. സാവകാശം സന്ദർശന പ്രതി സന്ദർശനങ്ങൾക്കു വിരാമ മിടുന്നു. സാമൂഹ്യബന്ധങ്ങളിൽ വിലകാണാതെ മനുഷ്യൻ വ്യക്ത്യാ ധിഷ്ടിത ജീവിത കാഴ്ച്ചപ്പാട് വളർത്തിയെടുക്കാൻ തുടങ്ങുന്നു. മനുഷ്യബന്ധ ത്തിന്റെ ഉദാത്ത അനുഭവങ്ങൾ കൈമോശം വരികയും ചെയ്യുന്നു. അതു കൊണ്ട് ടെലിവിഷൻ കുടുംബ-സാമൂഹ്യ ഭദ്രയ്ക്ക് ഭീഷിണി തന്നെ. സമൂഹ ജീവിതം മനുഷ്യന്റെ ജീവിതവിളിയാണെങ്കിൽ അത് തന്നെയാണ് ഇതുവഴി തകരുന്നതെന്ന് ചിന്തിക്കുക. അതുകൊണ്ട് ഇതൊരു മാനുഷിക പ്രശ്നവും വേദശാസ്ത്ര പ്രശ്നവുമാണ്. മനുഷ്യജീവിതത്തിന് അർത്ഥവും, കനവും, സന്തുലിതാവസ്ഥയും നൽകുന്നത് കുടുംബത്തിലെ ആത്മീയ ജീവിതമാണ്. പേരിനെങ്കിലും പ്രാർത്ഥിക്കാൻ സമയമില്ല.അല്ലെങ്കിൽ രണ്ടു പരിപാടികളുടെ ഇടയിലാണ്. അടുത്ത പ്രോഗ്രാം തുടങ്ങുന്നതിന് മുമ്പ് പ്രാർത്ഥന അവസാനി പ്പിക്കാനുള്ള വ്യഗ്രതയിൽ നടത്തുന്നത് പ്രാർത്ഥനയാണെന്ന് പറയാൻ പ്രയാസം. ഭക്ഷണം ഇതു കണ്ടു കൊണ്ടുതന്നെ നടക്കുന്നു.പരിപാടി നീണ്ടു പോകുമ്പോൾ ഉറക്കം വരുന്നവർ ഓരോരുത്തരായി രംഗത്ത് നിന്ന് നിഷ്ക്രി മിക്കുന്നു. ചിലർ ഉറക്കം അവിടെത്തന്നെയാക്കുന്നു. ഈശ്വരചിന്തയില്ലാതെ ദിവസം അവസാനിക്കുന്നു.അങ്ങനെ ദൈവവുമായുള്ള കൂട്ടായ്മയും മനുഷ്യ രോടുള്ള ബന്ധവും സാവകാശം വിച്ഛെദിക്കപ്പെടുന്നു. അങ്ങനെ ടെലിവിഷൻ ഉപയോഗം പലപ്പോഴും ലോകത്തിന്റെ വീഴ്ചയെ ശാശ്വതീകരിക്കാൻ സഹാ യിക്കുന്നു. അതായത്, ആത്മീയതയും മനുഷ്യബന്ധങ്ങളും നശിപ്പിക്കുന്നതിൽ ടെലിവിഷന്റെ പങ്കു നിർണായകമാണ്.

 

ഈശോയും കള്ളനും

                                                ഹരിത പി. ജി.
                         ഒന്നാം വർഷ ഇംഗ്ലീഷ് സാഹിത്യം
ബിരുദാനന്തര ബിരുദം നിർമല കോളേജ്, മൂവാറ്റുപുഴ

കൂരാക്കൂരിരുട്ടായിരുന്നു;എങ്ങും ക്രിസ്മസിന്റെ വരവായതോടെ ഇടയ്ക്കിടയ്ക്ക് പടക്കം പൊട്ടുന്നതിന്റെയോ പൂത്തിരി കത്തിക്കുന്നതിന്റെ യോ ശബ്ദവും ഇത്തിരി വെളിച്ചവും മാത്രം. ക്രിസ്മസ്പപ്പയും സംഘവും കരോൾ പാടി കിഴക്കുവശത്തേക്കു പോയപ്പോഴാണ് കള്ളൻ പതിയെ പടിഞ്ഞാ റോട്ടു നടന്നത്. ഇന്നൊരു നശിച്ച ദിവസമായിരുന്നു. സ്റ്റേഷനിൽ പോയി ഒപ്പിട്ടു വരുന്ന വഴിക്കാണ് കാലിൽ മുള്ളുകൊണ്ടത്. വീട്ടിലേക്കുള്ള ഇടവഴി തിരിയുന്നതിനിടയിൽ മുള്ളുകൊണ്ട അതേ ഭാഗത്തു തന്നെ ഒരു കുപ്പിച്ചില്ലും തറച്ചു. അസഹ്യമായ വേദനയായിരുന്നു. മരുന്ന് വെച്ചിട്ടും വേദനയ്ക്ക് യാതൊരു കുറവുമില്ല. ബ്ലേഡ് പോലെയുള്ള ചെരുപ്പ് മാറ്റേണ്ട സമയം എന്നേ കഴിഞ്ഞു. പുതിയതൊന്ന് വാങ്ങാം എന്നോർക്കും. പിന്നെ ഒരു കള്ളന് ചെരിപ്പ് അത്ര പ്രാധാന്യമുള്ളതല്ലല്ലോ എന്ന് വിചാരിച്ച് സൗകര്യപൂർവ്വം മറക്കും. ഇന്നു രാത്രിതന്നെ കക്കാൻ പോകേണ്ടെന്നോർത്തതാണ്. ആരെങ്കിലും കണ്ടാൽ ഓടാൻപോലും കഴിയില്ല. ഇന്ന് എവിടെയെങ്കിലും കയറിയില്ലങ്കിൽ മോന് നാളത്തേക്ക് മേടിക്കാൻ പോലും കഴിയില്ല. തന്നെ സംബന്ധിച്ച് ക്രിസ്മസും പെരുന്നാളുമൊക്കെ എന്നേ മറന്നുപോയ കാര്യങ്ങളാണ്. മോന്റെ കാര്യം അങ്ങനെയല്ലല്ലോ. അവന്റെ ഹൃദയം നോവുന്നത് അയാൾക്ക് സഹിക്കില്ല. ഭാര്യ മരിച്ചതിൽപ്പിന്നെ അവനും ഏതാണ്ടൊരേകനായ മട്ടാണ്. പണ്ടത്തെ പ്പോലെ കളിയും ചിരിയും ഒന്നുമില്ല. ഇങ്ങനെയുള്ള ചില ആഘോഷവേളക ളിലാണ് അവന്റെ മുഖം ഒന്ന് തെളിഞ്ഞുകാണുന്നത്. അപ്പൻ കള്ളനാണെന്ന് അവനറിയാം. ഇന്നത്തെ കാലത്ത് ഒരു കള്ളന്റെ അവസ്ഥ വളരെ മോശമാണ്. കള്ളന്മാരും ഏതാണ്ടൊരു ‘വംശനാശ ഭീക്ഷണി’ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒന്നുകിൽ ‘ബ്ലാക്മാൻ’ പോലുള്ള ഏതെങ്കിലും നല്ല പേര് വീണുകിട്ടണം. അല്ലെങ്കിൽ വല്ലവനെയു മൊക്കെ കൊന്ന് കൊള്ളയടിക്കാനുള്ള ചങ്കുറപ്പ് വേണം. രണ്ടിനും റിസ്ക് കൂടുതലാണ്. ഈ നാട്ടിൽത്തന്നെ മോഷണം ചില്ലറ പരിപാടിയല്ല. കാശുള്ള വരാരും പണം വീട്ടിൽ സൂക്ഷിക്കുന്നില്ല. സ്വർണം തട്ടിയെടുത്താൽ തന്നെ വിൽക്കാനൊക്കെ ഒത്തിരി കഷ്ടപ്പെടണം. അയാൾക്ക് കക്കാൻ മാത്രമേ അറിയൂ, നിൽക്കാൻ കുറച്ചു പുറകോട്ടാണ്, തേങ്ങയും, ചക്കയും, മാങ്ങയുമൊക്കെ മോഷ്ടിച്ച് അതൊന്നും കളവേ അല്ലാതായി. നാട്ടുകാരും അയാളൊരു കള്ളനാ ണെന്ന് വകവെച്ചു കൊടുത്തിരിക്കുന്നു. വല്ലപ്പോഴും മോനെയും കൊണ്ട് പള്ളിയിൽ പോയാൽ കുമ്പസാരം നടത്താറുണ്ട് കള്ളൻ. ഇന്നത്തെക്കാലത്ത് ഇതൊന്നും ഒരു തെറ്റല്ലെന്ന് അച്ഛനും തോന്നിയിട്ടുണ്ടാകണം.

‘തോമസ്, പറ്റുമെങ്കിൽ ഈ പണിയൊക്കെ ഒന്നു നിർത്തൂ’ എന്ന നിലപാടിലായിട്ടുണ്ട് അച്ഛൻ. അല്ലെങ്കിൽ തന്നെ ഈ പണി കളഞ്ഞാൽ ഈ വയസ്സുകാലത്ത് വേറെ എന്തുപണിക്ക് പോകാനാണ്? മോഷണം തഴക്കം വന്ന ഒരു കലയായിത്തീർന്നിരിക്കുന്നു. ഒരു മജീഷ്യനെക്കാളും നന്നായി മായാജാലം കാണിക്കാൻ മിടുക്കനായ ഒരു കള്ളനു സാധിക്കും. ഇടയ്ക്കുതോന്നും ഈ പണിയൊക്കെ ഉപേക്ഷിച്ചാലോ എന്ന്. മോൻ തന്നെ ചോദിക്കാറുണ്ട്. ‘അപ്പനെ പ്പോലെ ഒരു പാവം എങ്ങനെ ഒരു കള്ളനായെന്ന്.’ ഒരിക്കൽ കട്ടാൽ പിന്നെ കള്ളനാകാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. പ്രത്യേകിച്ചും ഒരു പ്രാരാബ്ധക്കാരൻ. മകൻ ഒരു കള്ളനായിത്തീരരുതേ എന്ന് ഏതൊരു നല്ല കള്ളനെയും പോലെ അയാളും ആഗ്രഹിക്കുന്നു.
കള്ളൻ ഒരു ചെറിയ മതിൽ ചാടിക്കടന്ന് ഒരു വീടിന്റെ മുറ്റത്തെത്തി. അപരിചിതമായ പ്രദേശമാണ്. ആദ്യമായിട്ടാണ് ഇവിടേക്ക് വരുന്നത്. അകത്തു നിന്ന് അനക്കമൊന്നും കേൾക്കുന്നില്ല. അയാൾ മുൻവശത്തെ വാതിൽ പതിയെ തള്ളി, കുറ്റിയിട്ടില്ല. നേരം പാതിരാവായിട്ടും വാതിലും, ജനലും കുറ്റിയിടാത്ത ഒരു വീട്ടിൽ അയാൾ ആദ്യമായി കയറുകയായിരുന്നു. അകത്തുകയറി നോക്കി യപ്പോൾ ഒരു മുറിയിൽ മാത്രം ചെറിയ വെളിച്ചമുണ്ട്. ‘നാളെ കഴിഞ്ഞ് ക്രിസ്മ സ്സാ. നമ്മളു മാത്രം കേക്ക് വാങ്ങിയില്ലല്ലോ അമ്മേ.’ ഒരു ആണ്കുട്ടിയുടെ നേർ ത്ത ശബ്ദം. അയാൾ വാതിൽക്കൽ ചെന്നുനിന്ന് അകത്തേക്കു നോക്കി. കട്ടിലിന്റെ അറ്റത്ത് മുപ്പത്തിയഞ്ച്-നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഇരി ക്കുന്നുണ്ടായിരുന്നു. അവരുടെ മടിയിൽ ഏഴോ എട്ടോ വയസ്സ് പ്രായം വരുന്ന ഒരു ആണ്കുട്ടി കിടക്കുന്നു. അവർ അവനെ തലോടിക്കൊണ്ട് ഏതോ കരോൾ ഗാനത്തിന്റെ വരികൾ മൂളുകയാണ്. ഇടയ്ക്ക് അവന്റെ ചോദ്യങ്ങൾക്ക് മറു പടിയും പറയുന്നുണ്ട്. ”ഈശോ മോന് കേക്ക് തരും.’ അവരുടെ കണ്ണിൽനിന്ന് കണ്ണീർ ഒഴുകുന്നത് ആ അരണ്ട വെളിച്ചത്തിലും അയാൾ വ്യക്തമായി കണ്ടു. മേശപ്പുറത്തിരുന്ന വിവാഹ ഫോട്ടോയിൽ വിരലോടിച്ചുകൊണ്ട് അവർ ബേബിച്ചാ എന്ന് രണ്ടു പ്രാവിശ്യം പറഞ്ഞു. പപ്പയുടെ പേര് കേട്ടതോടെ കുട്ടി എഴുന്നേറ്റിരുന്നു.
‘പപ്പ ഇനി ഒരിക്കലും വരില്ലേ; അല്ലേ അമ്മേ?’ അവർ മറുപടി പറയാതെ മകനെ കെട്ടിപ്പിടിച്ചു. ആ കാഴ്ച കണ്ട് കള്ളനും കണ്ണിൽ കണ്ണുനീർ നിറഞ്ഞു. അയാൾ പോക്കറ്റിൽ തപ്പിനോക്കി ഒരു നൂറു രൂപ നോട്ടും കുറച്ചു ചില്ലറയും. അയാൾ സാവധാനം തന്റെ കൈയിൽ ആകെയുള്ള സമ്പാദ്യം ഒച്ചയുണ്ടാക്കാതെ മേശപ്പുറത്തുവെക്കാൻ ഒരുങ്ങിയതും പുറത്തുനിന്ന് ഡ്രം കൊട്ടുന്ന ശബ്ദം കേട്ടു. കരോൾ ഗാനസംഘമാണ്. കാത്തിരുന്നതുപോലെ കുട്ടി അമ്മയുടെ മടിയിൽ നിന്ന് ചാടിയെഴുന്നേറ്റു. വാതിൽക്കൽ അനങ്ങാതെ നിൽക്കുന്ന കള്ളനെ കണ്ടു കുട്ടി അന്തം വിട്ടു നോക്കി. പുറത്തെ ശബ്ദവും, പ്രഭയും കണ്ട് അവൻ ഓടി മുൻവശത്തെത്തി. ‘ക്രിസ്മസ് പപ്പാ’ അവൻ ഉറക്കെ വിളിച്ചു. കുട്ടിയുടെ അമ്മ കാണാതെ കള്ളൻ കർട്ടനു പിറകിൽനിന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി. വിഷാദാത്മകമായ പുഞ്ചിരി തൂകിക്കൊണ്ട് അവരും മകനടുത്ത് നിന്നിരുന്നു. കുട്ടി എന്തോ ഓർത്തതുപോലെ അകത്തുവന്നു. എന്തുകൊണ്ടോ അവൻ ആദ്യം നോക്കിയതുതന്നെ അയാളുടെ മുഖത്തായിരുന്നു. അവൻ എന്താണ് നിലവിളി ക്കാത്തതെന്ന് അയാൾ അത്ഭുതത്തോടെ ഓർത്തു.
‘ഈശോയാണോ? അവൻ പതിയെ ചോദിച്ചു.
അയാൾ അങ്ങനെയൊരു ചോദ്യം ആദ്യമായി കേൾക്കുകയായിരുന്നു. കള്ളൻ കൈയിലിരുന്ന നോട്ടും, ചില്ലറയും അവന്റെ കൈയിൽ ധൃതിയിൽ വെച്ചു കൊടുത്തു.
‘മോന് കേക്ക് മേടിക്കാൻ…’ അയാൾ പതിയെ അവന്റെ കവിളിൽ തലോടിയ ശേഷം അതിവേഗം അടുക്കളവാതിൽ വഴി ഓടി. കുട്ടിയെ അന്വേഷിച്ച് അമ്മ അകത്തു വന്നപ്പോഴും അവൻ അതേ നിൽപ്പുതന്നെയായി രുന്നു. അവൻ മുറിയിലെ ലൈറ്റിട്ട് മകന്റെ നേരെ നോക്കി തറയിൽ രക്തപ്പാ ടുകൾ. ‘ഈശോ കറുത്തതാ അല്ലേ അമ്മേ.’ അവർ മകനെന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനാകാതെ രക്തപ്പാടുകളിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. അവൻ കൈ നീട്ടി തന്റെ കൈയിലിരുന്ന പൈസ അമ്മയെ കാണിച്ചുകൊണ്ട് പറഞ്ഞു. ‘ഈശോ കറുത്തതാ.. ഞാൻ കണ്ടു……….”